കാഫിർ സ്ക്രീൻ ഷോട്ട് കേസ്: DYFI നേതാവിനെ ചോദ്യം ചെയ്ത് SIT
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവള്ളൂർ സ്വദേശി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെയാണ് ചോദ്യം ചെയ്തത്. പ്രതി റിബേഷ് രാമകൃഷ്ണന് , കാഫിർ സ്ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ ഭാസ്കറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്ക് നോട്ടീസ് നൽകിയിരുന്നു. സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്കാണ് പുനരന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി നോട്ടീസ് നൽകിയത്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാണ് നിർദേശം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിനുള്ള നീക്കം. കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.
