കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിൽ സന്തോഷം; തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി
കോഴിക്കോട്: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന് അവകാശപ്പെട്ട വേങ്ങര സ്വദേശി മുഹമ്മദലി. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍, പതിനാറാം വയസ്സിലാണ് കൊലപാതകം ചെയ്തത്. മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും മുഹമ്മദലി പറഞ്ഞു.കൊലപാതക വിവരം തുറന്നുപറഞ്ഞതോടെ മനസ്സിന്റെ ഭാരം ഇറങ്ങിക്കിട്ടി. എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ്. വെള്ളയില്‍ നടന്ന കൊലപാതകവും യാദൃശ്ചികമായി സംഭവിച്ചതാണെന്ന് മുഹമ്മദലി പറഞ്ഞു. 2025 ജൂണ്‍ അഞ്ചിനായിരുന്നു വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി 36 വര്‍ഷം മുമ്പ് താന്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം മൂല്യം പ്രതി എന്തെങ്കിലും വിളിച്ചുപറഞ്ഞതാകാമെന്നാണ് പൊലീസ് കരുതിയതെങ്കിലും ഗൗരവമുള്ള കേസുകളിലേക്ക് അന്വേഷണം എത്തുകയായിരുന്നു.
1986 ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണെന്ന് കഴിഞ്ഞദിവസം പൊലീസ് സ്ഥിരീകരിച്ചു. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍ വെള്ളയില്‍ ബീച്ചില്‍വെച്ച് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. 1989ലായിരുന്നു ആ സംഭവം. പണം തട്ടിപ്പറിച്ചയാളെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മുഹമ്മദലി പറഞ്ഞത്.കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോടെത്തി. അവിടെ ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഒരാള്‍ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ചത്. അയാള്‍ വെള്ളയില്‍ ബീച്ച് പരിസത്തുള്ളതായി സുഹൃത്ത് ‘കഞ്ചാവ് ബാബു’ പറഞ്ഞു. താനും കഞ്ചാവ് ബാബുവും അവിടേയ്ക്ക് പോയി ഇക്കാര്യം ചോദിച്ചു. ബാബു അവനെ തല്ലിത്താഴെയിട്ട ശേഷം മണ്ണിലേക്ക് മുഖം പൂഴ്ത്തിവെച്ചു. താന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നുവെന്നും മുഹമ്മദലി പറഞ്ഞിരുന്നു. മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഏഴംഗ ക്രൈംബ്രാഞ്ച് സ്‌ക്വാഡിനെ രൂപീകരിച്ചിരുന്നു.
