‘ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്നത് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണം’; 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.ആക്രമിക്കപ്പെട്ട വാഹനം പൊതുമുതല്‍ തന്നെയാണ്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉദ്യോഗസ്ഥര്‍ക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂര്‍വമായ സംഭവമാണിതെന്നും കോടതി വിലയിരുത്തി.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്. നിഥിന് രാജ്, മനോജ്, ജീവന്, ശ്രീജിത്ത്, ഷാഹിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 25 പേരെയാണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി സംഘത്തിനെതിരെ ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ് തുടരുന്നത്. ഇന്നലെയും ആറുപേര്‍ കൂടി പിടിയിലായിരുന്നു. സിപിഐഎം മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി അടക്കമുള്ളവരാണ് പിടിയിലായത്. വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം തുടങ്ങിയവരാണ് ഇന്നലെ പിടിയിലായ മറ്റുള്ളവര്‍. റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഐഎം കലാപശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും കലാപം ഒഴിവാക്കാനാണ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിക്കുകയായിരുന്നു. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്, പൊലീസ് ഉപദേഷ്ടാവ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
