ഓപ്പറേഷൻ നുമ്ഖോർ: സമൂഹമാധ്യമങ്ങൾ വഴി കാർ വിറ്റ യഷ് കസ്റ്റഡിയിൽ; ഭൂട്ടാൻ മാഫിയയുടെ ഇടനിലക്കാരൻ
കൊച്ചി∙ ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് കേസിൽ (ഓപ്പറേഷൻ നുമ്ഖോർ) രാജസ്ഥാൻ ജയ്പൂർ സ്വദേശി കസ്റ്റംസ് പിടിയിൽ. 23കാരനായ യഷ് എന്നയാളെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. കേസിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇയാളുടെ പ്രവർത്തനം. കള്ളക്കടത്ത് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരനായിനിന്നതും വ്യാജരേഖ ചമച്ച് സ്വന്തം പേരിൽ രണ്ട് ആഡംബര വാഹനങ്ങൾ റജിസ്റ്റർ ചെയ്തതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഈ കള്ളക്കടത്ത് മാഫിയയുടെ മുഖ്യസൂത്രധാരൻ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസ്, കോഴിക്കോട് എം.എസ് റോഡ്‌വേ കാർസ് പങ്കാളി സെയ്ൻ മാർവ എന്നിവരുമായി ചേർന്ന് യഷ് പ്രവർത്തിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തി. ബിശ്വദീപും െസയ്ൻ മാർവയും നേരത്തേ അറസ്റ്റിലായിരുന്നു.പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ബിശ്വദീപ് ദാസ് ഭൂട്ടാനിൽനിന്ന് എത്തിക്കുന്ന എസ്‌യുവികൾ ഇടനിലക്കാർ വഴിയാണ് കോഴിക്കോട്ടെത്തിച്ചിരുന്നത്. ഇതിനു സഹായം ചെയ്ത ഇടനിലക്കാരൻ യഷ് ആണെന്നാണ് കസ്റ്റംസ് കരുതുന്നത്. ബിശ്വദീപ് അറസ്റ്റിലായതോടെയാണ് അന്വേഷണം ആദ്യം മാർവയിലേക്കും ഇപ്പോൾ യഷിലേക്കും എത്തിയത്. ഈ തട്ടിപ്പിന് അസമിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വലിയ സഹായം ലഭിച്ചിരുന്നു. അസമിലെ ബോങ്യാഗാവോണിൽ വ്യാജരേഖകൾ ഉപയോഗിച്ച് 464 വാഹനങ്ങൾ റജിസ്റ്റർ ചെയ്തതായി അസം പൊലീസ് കണ്ടെത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ആദ്യ റജിസ്ട്രേഷൻ കാണിച്ചിരിക്കുന്നത് ലക്ഷദ്വീപിലാണ്. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്-എഞ്ചിൻ നമ്പറുകളിൽ 15,849 വാഹനങ്ങൾ ഓടുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) കണ്ടെത്തിയിരുന്നു.കേസിൽ കസ്റ്റംസ് അസം ബോങ്യാഗാവോൺ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരിയെയും അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളുണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്താൻ സഹായിച്ച ആളായിരുന്നു പഠോവരി. കേസിൽ അസം സ്വദേശികളായ അയൂബ് അലി, മുഹമ്മദ് മുസ്തഫ അഹമ്മദ്, ജലാൽ മണ്ഡൽ എന്നിവരും നേരത്തേ പിടിയിലായിരുന്നു. ഓപ്പറേഷൻ നുമ്ഖോർ സംബന്ധിച്ച് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് ഈ മാസം 20 മുതൽ മൂന്നാറിയിൽ ചേർന്നു തുടർനടപടികൾ ചർച്ച ചെയ്തിരുന്നു. നികുതി വെട്ടിച്ച് കടത്തിയ 4 ആഡംബര വാഹനങ്ങൾ കൂടി അടുത്തിടെ കോഴിക്കോട്ടുനിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതോടെ കേരളത്തിൽനിന്ന് മാത്രം പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 50 കടന്നു.
