‘തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർഥിയെ മാറ്റിയില്ല; പി കെ ശ്യാമള സ്വീകാര്യത ഇല്ലാത്ത നേതാവ്’, CPIM തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ വിമർശനം
സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർഥിയെ മാറ്റിയില്ലയെന്നാണ് വിമർശനം. പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യത ഇല്ലാത്ത നേതാവാണ്. എംവി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീര ഭാഷയും ശൈലി ഒന്നാണെന്നും കുറ്റപ്പെടുത്തൽ. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരേയും വിമർശനം ഉയർന്നു. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്തയാൾ ജില്ലാ സെക്രട്ടറിയായതാണ് പാർട്ടിയുടെ പരാജയത്തിന് ഒരു കാരണം.
എം വി ഗോവിന്ദന്റെ അതേ ശൈലിയാണ് ഓഫീസിലെ ജീവനക്കാർക്കും. ഇവരുടെ ഇടപെടൽ വോട്ട് കൂട്ടാനല്ല കുറയ്ക്കാനാണ് സഹായിച്ചത്. കണ്ണൂരിൽ നടന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിനെതിരെയും വിമർശനം ഉയർന്നു. പരിപാടിയുടെ സംഘാടനത്തിൽ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നാണ് വിമർശനം.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഐഎഎമ്മിൽ വിമർശനം തുടരുകയാണ്. ണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരിച്ചടിയായി. കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയിരുന്നുവെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു.
കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂൽ ബേബിയെന്നും കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനമുയർന്നു. എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു. പി ജയരാജൻ കൂടി പങ്കെടുത്ത യോഗത്തിൽ, കെ കെ ശൈലജയും പി ജയരാജനും നേതൃത്വത്തിലേക്ക് വരണമെന്നും ആവശ്യമുയർന്നു.
