Uncategorized

‘ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്’; ഫലം വരും മുൻപ് വിജയ്‌യുടെ ചിത്രമുള്ള യൂട്യൂബ് പോസ്റ്റ് പങ്കുവച്ച് ഇളയരാജ

Spread the love

 

ഇളയരാജ ഒഫീഷ്യൽ എന്ന യൂ ട്യൂബ് പേജിൽ സ്ഥിരമായി തന്റെ ഗാനങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് ഇളയരാജ. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയുടെ പഴയ ചിത്രവും ‘ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്’ എന്ന ഗാനവും പോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ, വിജയ്‌യുടെ തമിഴക വെട്രി കഴകം 98 മുതൽ 120 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ വന്ന ഇളയരാജയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളെ സജീവമാക്കി. കുഞ്ഞനിയാ ഈ നാട് നിന്നെ വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന അർഥം വരുന്ന വരികളിലൂടെ വിജയും ടിവികെയും അധികാരത്തിൽ വരുമെന്നാണ് ഇളയരാജ പറയാതെ പറയുന്നതെന്നാണ് പൊതുവിലയിരുത്തൽ.

 

സാധാരണയായി അദ്ദേഹം ദിവസവും രണ്ട് ഗാനങ്ങൾ പങ്കുവെക്കാറുണ്ട്. പതിവുപോലെ 1988-ൽ പുറത്തിറങ്ങിയ ‘ഇദു എങ്കൾ നീതി’ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങൾ അദ്ദേഹം അപ്‌ലോഡ് ചെയ്തു. അവയിൽ “ചിന്ന തമ്പി ഉന്നൈ നമ്പി ഇന്ത നാട് കാത്തിറുക്ക്” എന്ന ഗാനമാണ് ചർച്ചാകേന്ദ്രമാകുന്നത്. വരികൾ തന്നെ സംസാരവിഷയമായി. “നീങ്കൾ താനേ നാടും രാജാക്കളും” എന്നതുപോലുള്ള വരികൾ “നിങ്ങൾ തന്നെ രാഷ്ട്രവും രാജാവും” എന്ന് അർഥം. അതുപോലെ, “നാം യാവരും ഒരു ഇനം ഒരു കുലം, ജാതിയും ഭേദവും ഇല്ലേ..” എന്ന് പറയുന്നത് “നാം എല്ലാവരും ഒരു സമുദായത്തിൽ പെട്ടവരാണ്, മനുഷ്യ വർഗ്ഗത്തിൽ പെട്ടവരാണ്. നമുക്കിടയിൽ ജാതിയോ വിവേചനമോ ഇല്ല.” എന്നതും രാഷ്ട്രീയം പറയാനുദ്ദേശിച്ച് തന്നെയാണ് പോസ്റ്റ് ചെയ്തതെന്നാണ് പലരും സൂചിപ്പിക്കുന്നത്.

 

എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ഇതു എങ്കൾ നീതിയിൽ നിഴലുകൾ രവി, രാധിക, രാധാ രവി, രാംകി തുടങ്ങിയവർ അഭിനേതാക്കളാണ് . ചിത്രത്തിൽ ബാലതാരമായി എത്തുന്നത് സാക്ഷാൽ ഇളയ ദളപതി വിജയും . ആ ചിത്രമാണ് ഇളയരാജ പങ്കുവച്ചത്. വരികൾക്ക് പുറമേ, വീഡിയോ ക്ലിപ്പിന്റെ തമ്പ് നെയിലിനായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം കണ്ടവരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. ഇതൊക്കെ പറയാതെ പറയുന്ന രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. ബാക്ഗ്രൗണ്ടിൽ ഒരു വന്പൻ കെട്ടിടത്തിന് മുന്നിൽ പാർട്ടി പതാകകൾ വീശുന്നതും ജനക്കൂട്ടത്തിന്റെ വിജയാഹ്ലാദങ്ങളും കാണാം. എന്തായാലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയ് പോസ്റ്ററുള്ള ഈ പ്രത്യേക മ്യൂസിക് വീഡിയോ ഇളയരാജ പോസ്റ്റ് ചെയ്തത് കൗതുകത്തിന് കാരണമാവുകയും അതെന്തുകൊണ്ട് എന്ന മട്ടിലുള്ള ചർച്ചകൾക്ക് വഴിവക്കുകയും ചെയ്തു.