Uncategorized

‘തിരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് ഞാൻ പറഞ്ഞതാണ്’, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ- ഡീസൽ; രാഹുൽ ഗാന്ധി

Spread the love

 

വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വാണിജ്യ സിലിണ്ടറുകളുടെ വില 993 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഈ വർധന തിരഞ്ഞെടുപ്പ് ബില്ലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

 

 

തിരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോൾ, ഡീസൽ വിലയാകുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു

 

ഞാൻ പറഞ്ഞതാണ് തിരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയും. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി ചെലവേറിയതായി. ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇതാണ് ഇലക്ഷൻ ബില്ല്. ഫെബ്രുവരി മുതൽ ഇതുവരെ 1380 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

 

ചായക്കടകൾ, പ്രാദേശിക ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള ചെറുകിട ബിസിനസുകാർക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് ഈ വർധനയെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇത് സാധാരണ പൗരന് അധിക ചെലവാണ്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിൽ നിന്ന് ലാഭം കൊയ്യുകയാണ് സർക്കാരെന്നും രാഹുൽ ആരോപിച്ചു.