Uncategorized

പാമ്പുഭീതി ഒഴിയുന്നില്ല: സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് പാമ്പുകടിയേറ്റു

Spread the love

 

സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ഇന്നും പാമ്പുകളെ പിടികൂടി. പാമ്പുകടിയേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലരവയസുകാരിയുടെയും വയോധികയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു.

 

 

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയാണ് കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഞായറാഴ്ച പാമ്പുകടിയേറ്റ കണ്ണൂർ പട്ടുവം സ്വദേശി നമ്പ്രോൻ നാരായണിയുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി, കോഴിക്കോട് ,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു.

 

ഇന്നലെ രാത്രിയിൽ കോട്ടയം രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ആരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. കണ്ണൂരിൽ പട്ടുവം മാധവനഗറിൽ വീടിനകത്ത് കണ്ടെത്തിയ മൂർഖനെ പിന്നീട് പിടികൂടി. പയ്യന്നൂരിലെ അരവഞ്ചാലിൽ വീട്ടുവളപ്പിലെ വിറകുപുരയിൽ നിന്നും മൂർഖനെ പിടികൂടി.

 

കോഴിക്കോട് കാരശ്ശേരിയിൽ വീട്ടു കിണറ്റിലെ കപ്പിയിൽ നിന്നും ശംഖുവരയനെ പിടികൂടി. കക്കയത്ത് മരത്തിൽ കണ്ടെത്തിയ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ പരേഡിനിടെ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ചേരയാണ് പോലീസുകാർക്കിടയിലൂടെ ഇഴഞ്ഞു നീങ്ങിയത്.