Uncategorized

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

Spread the love

 

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു.

 

 

മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് പുറത്തേക്ക് നിതിന്‍ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് മറ്റ് വിദ്യാര്‍ഥികളും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നിതിന് എന്തെങ്കിലും മോശം അനുഭവം ഉണ്ടിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരം എത്തി രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

 

ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ ഇന്നലെ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികള്‍ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന്‍ പറഞ്ഞു.