Sunday, April 12, 2026
Latest:
Uncategorized

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

Spread the love

 

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ അധ്യക്ഷൻ വിജയ് നടത്തിയ റോഡ് ഷോ. ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കുമെന്നും സർക്കാർ സേവനങ്ങൾ വീട്ടുപടിയ്ക്കലെത്തുമെന്നും വാഗ്ദാനം. ട്രോളിങ് നിരോധന സമയത്ത് നൽകുന്ന തുക 8000ത്തിൽ നിന്ന് 20,000 ആക്കി ഉയർത്തുമെന്നും ടിവികെ അധ്യക്ഷൻ.

 

 

കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങൾ പോലെയല്ല ഇത്. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമാണ് പറയുന്നത്. അഴിമതി മാത്രമാണ് നിലവിൽ നടക്കുന്നത്. കൈക്കൂലി പണത്തിന്റെ ഒരു വിഹിതം മന്ത്രിമാർക്ക് കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതിന് തടയിടുകയാണ് ആദ്യം വേണ്ടത്. ടിവികെ അധികാരത്തിലെത്തിയാൽ കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തുമെന്ന് വിജയ് പറഞ്ഞു.ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾക്കായി ആപ്പ് പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. അയ്യായിരത്തിൽ അധികം ജനങ്ങൾ ഒപ്പിട്ട ഏത് പരാതിയും നിയമസഭയിൽ ചർച്ച ചെയ്യും. കുടിലുകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുമെന്നും വിജയ് വാഗ്ദാനം നൽകി. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമിയുടെയും പ്രചാരണ പരിപാടികൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തമിഴ് നാട്ടിൽ പ്രചാരണത്തിനായി എത്തും. നാഗർകോവിലിലാണ് പര്യടനം. വൈകിട്ട് 4.30ന് വെപ്പമൂട് മുതൽ വടച്ചേരി വരെ റോഡ് ഷോ. തുടർന്ന് പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.