‘പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു, തിരുവനന്തപുരത്ത് മാത്രം അവര്‍ കോടികള്‍ ഒഴുക്കി’: എഎ റഹീം
വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപിയെ സിപിഐഎം തോല്‍പ്പിക്കുമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഎ റഹിം എംപി. തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റും ഇത്തവണ എല്‍ഡിഎഫ് നേടുമെന്നും എഎ റഹിം.ബിജെപി, വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ടെന്നും എഎ റഹീം ആരോപിച്ചു.തിരുവനന്തപുരത്തെ മൂന്ന് സീറ്റുകള്‍ കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷിക്കുന്നതെങ്കില്‍ അത് വെറുതെ ആകുകയേ ഉള്ളൂവെന്ന് എഎ റഹീം പറഞ്ഞു. പണവും മദ്യവുമൊഴുക്കി ഈ പ്രദേശത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു വീട്ടില്‍ 10000 രൂപ വീതമൊക്കെ കൊടുക്കുന്നുവെന്നാണ് തങ്ങളുടെ ബോധ്യം. ചില ആള്‍ക്കാരുടെ ലോണുകള്‍ തീര്‍ത്ത് കൊടുക്കുന്നുപോലുമുണ്ട്. തിരുവനന്തപുരത്ത് മാത്രം കോടിക്കണക്കിന് രൂപയാണ് ബിജെപി ഒഴുക്കുന്നത്. ഇത് ഇന്ത്യയെ വിറ്റുകിട്ടുന്ന പണമാണ്. ബിജെപിക്ക് ഇവിടെ വോട്ട് ലഭിച്ചാല്‍ അത് അവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ വോട്ടുകളാണെന്ന് ധരിക്കേണ്ട. പണം കൊടുത്ത് വോട്ടുവാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ വിജയം എല്‍ഡിഎഫിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ സര്‍ക്കാര്‍ തന്നെ തുടരണമെന്ന ആഗ്രഹമാണ് വോട്ടര്‍മാരെ ബൂത്തിലേക്ക് നയിച്ചതെന്ന് എ എ റഹീം പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ അവരുടെ പെന്‍ഷന്‍ മുടങ്ങുമെന്ന് ജനങ്ങള്‍ക്കറിയാം. വികസനം മുരടിക്കുമെന്ന് അവര്‍ക്കറിയാം. തമ്മിലടിക്കാത്ത നല്ലൊരു സര്‍ക്കാര്‍ വന്നാല്‍ മാത്രമേ നല്ല ഭരണവും വികസനവുമുണ്ടാകുമെന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസമുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തു.
