ചാന്ദ്ര സ്വപ്നത്തിന്റെ കണക്ക്; ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൊത്തം ബജറ്റ് 8.63 ലക്ഷം കോടി രൂപ
1972 ലെ അപ്പോളോ 17 ദൗത്യം കഴിഞ്ഞ് 54 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മറ്റൊരു ചാന്ദ്രദൗത്യത്തിനായി മനുഷ്യനെ നാസ അയച്ചത്. എന്തുകൊണ്ടാണ് ദീര്‍ഘകാലം മനുഷ്യന് ചന്ദ്രനിലേക്ക് പോകാതിരുന്നത് എന്നുള്ള ചോദ്യത്തിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ദൗത്യത്തിന് വേണ്ടി വരുന്ന സാമ്പത്തിക ചെലവും മനുഷ്യര്‍ ഉള്‍പ്പെടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമാണ്.
1969-ലെ ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യമാണ് മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ, ലോകം അതിശയത്തോടെ വീക്ഷിച്ച ചരിത്ര ദൗത്യം. ഏകദേശം 35.5 കോടി ഡോളര്‍ ആണ് ദൗത്യത്തിനായി അക്കാലത്ത് ചെലവായത്. ഇതുള്‍പ്പെടെ 1960 മുതല്‍ 1973 വരെ 17 അപ്പോളോ ദൗത്യങ്ങളാണ് നാസ നടത്തിയത്. പ്രൊജക്ട് അപ്പോളോയ്ക്ക് 13 വര്‍ഷത്തിനിടെ ചെലവായത് ഏകദേശം 2,540 കോടി ഡോളര്‍ളാണ്. നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, മുഴുവന്‍ അപ്പോളോ പദ്ധതിയുടെയും ഇന്നത്തെ മൂല്യം ഏകദേശം 25,700 കോടി ഡോളറിന് അടുത്ത് വരും. അതായത് 24 ലക്ഷം കോടി രൂപ. ഈ ഭീമമായ തുക അക്കാലത്തെ അമേരിക്കയുടെ മൊത്തം ജിഡിപിയുടെ ഏകദേശം 2.5 ശതമാനം ആയിരുന്നു.54 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ആര്‍ട്ടെമിസ് 2 വിക്ഷേപണത്തിന് മാത്രം ചെലവായത് 400 കോടി ഡോളറാണ്. ഏകദേശം 34,000 കോടി രൂപ. റോക്കറ്റും ഓറിയോണ്‍ പേടകവും വികസിപ്പിക്കുന്നതിനായി 4400 കോടി ഡോളറിലധികം നാസയ്ക്ക് ചെലവായി. ചന്ദ്രനിലേക്കുള്ള നാസയുടെ ആര്‍ട്ടെമിസ് പര്യവേക്ഷണ പരിപാടിയുടെ മൊത്തം ബജറ്റ് 9300 കോടി ഡോളറാണ്. ഏകദേശം 8.63 ലക്ഷം കോടി രൂപ. അതായത് ആര്‍ട്ടെമിസ് പര്യവേക്ഷണ ദൗത്യത്തിന്റെ ചെലവിന്റെ മൂന്നിരട്ടിയാണ് 1960-70 കാലഘട്ടത്തില്‍ പ്രൊജക്ട് അപ്പോളോക്കായി അമേരിക്ക ചെലവഴിച്ചത്.
ഇത്രയും വലിയ തുക ചെലവഴിച്ചുള്ള പദ്ധതികള്‍ക്ക് തിരികെ വരുമാനം ലഭിക്കില്ല എന്നുള്ളതും രാഷ്ട്രീയപരമായി നേരിട്ട എതിര്‍പ്പുമാണ് ചാന്ദ്ര ദൗത്യത്തില്‍ നിന്ന് അമേരിക്ക പിന്മാറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ചന്ദ്രനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് മനുഷ്യന് വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയാണ് വീണ്ടും നാസയുടെ ചാന്ദ്രദൗത്യങ്ങള്‍ക്ക് ജീവന് വച്ചത്. അപ്പോളോയില്‍ നിന്ന് ആര്‍ട്ടെമിസിലേക്ക് എത്തുമ്പോള്‍ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റവും ചാന്ദ്രദൗത്യങ്ങള്‍ക്ക് കരുത്തേകുകയാണ്.
