കുടകില്‍ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ ഊര്‍ജിതം
കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും, കൊച്ചിയില്‍ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ ആണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയില്‍നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുകയായിരുന്നു ലക്ഷ്യം. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് നംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.
