ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ; പിടിയിലായ റിസ്വാൻ അഹമ്മദിന് യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിൽ പങ്ക്
ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. റിസ്വാൻ അഹമ്മദ് ആണ് പിടിയിലായത്. ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കെന്ന് പൊലീസ്. ഉത്തർപ്രദേശ് എടിഎസും , ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ട്. ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, ചില രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015ൽ അറസ്റ്റിലായിരുന്നുവെന്നും ആ സമയത്ത് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പാകിസ്താൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകര സംഘടനയെ യുപി എടിഎസ് പിടികൂടിയതിന് പിന്നാലെയാണ് റിസ്വാൻ അഹമ്മദിന്റെ അറസ്റ്റ്. റെയിൽവേ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട നാല് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രധാന പ്രതിയായ സാഖിബ് എന്നറിയപ്പെടുന്ന “ഡെവിൾ” ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകൾ വഴി ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
