Friday, May 15, 2026
Uncategorized

ഭൂരിപക്ഷം കൂട്ടിയാല്‍ വിദേശ യാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

 

തവനൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്ക് എതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി വിഎസ് ജോയിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്കാണ് യാത്ര വാഗ്ദാനം ചെയ്തത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം നടന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. തിരൂര്‍ എസ്എച്ച്ഒ അനില്‍ കുമാര്‍ മേപ്പള്ളിക്കാണ് അന്വേഷണ ചുമതല.

 

തവനൂര്‍ നിയോജകമണ്ഡലത്തിലെ മംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു സി.പി. ബാവ ഹാജിയുടെ പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് സിപി ബാവ ഹാജി വാഗ്ദാനം ചെയ്തത്. റിട്ടേണ്‍ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും അറിയിച്ചിരുന്നു ബൂത്തില്‍ വോട്ട് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.