‘ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നു; തലവിധി മോശമായിരുന്നത് കൊണ്ട് നടന്നില്ല’; മറിയ ഉമ്മനെ പരിഗണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് അടൂര്‍ പ്രകാശ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. എന്നാല്‍ തലവിധി മറ്റൊന്നായെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മറിയ ഉമ്മനെ വേദിയിലിരുത്തിയാണ് പരാമര്‍ശം. (Adoor Prakash confirms that Maria Oommen was considered as a candidate)ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ് പക്ഷേ, തലവിധി മോശമായിരുന്നത് കൊണ്ട് നടന്നില്ല എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളു- അദ്ദേഹം പറഞ്ഞു.കണ്‍വെന്‍ഷനിടെ അടൂര്‍ പ്രകാശ് സംസാരിക്കുന്നതിനിടെയാണ് മറിയ ഉമ്മന്‍ വേദിയിലേക്ക് എത്തിയത്. ഈ സമയത്തായിരുന്നു പ്രസ്താവന.
അതേസമയം, കോന്നി എനിക്ക് വീട് പോലെയെന്നും കോന്നിയിലെ ജനങ്ങളുടെ സ്നേഹം താന്‍ ഇന്നും അനുഭവിക്കുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 100 സീറ്റുമായി യുഡിഎഫ് മടങ്ങി വരും. എന്നോട് സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ സതീഷ് കൊച്ചുപറമ്പിലിനെ വിജയിപ്പിക്കുക. എന്നോട് ഉള്ള സ്നേഹം അങ്ങെനെ ആണ് നിങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. ഭരണത്തില്‍ വന്നാല്‍ 3000 രൂപ ക്ഷേമ പെന്ഷന്- ഇന്‍ഷുറന്‍സ് പദ്ധതി ഇതെല്ലാം നടപ്പാക്കും. കപ്പല്‍ ആടി ഉലയുകയാണ്.
കപ്പല്‍ അധികം വൈകാതെ മുങ്ങും. ആറ്റിങ്ങലിലെ എംപി അല്ലേ, ആറ്റിങ്ങലിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരെ എന്ന് ചിലര്‍ ചോദിക്കും.
ഞാന്‍ ആറ്റിങ്ങലില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കോന്നിയിലെ ജനങ്ങള്‍ ആവശ്യങ്ങള്‍ ആയി എത്തുമ്പോള്‍ അതും ചെയ്തു കൊടുക്കാറുണ്ട് – അദ്ദേഹം പറഞ്ഞു.
