Uncategorized

“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

Spread the love

 

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഏറ്റവും വലിയ ഊർജപ്ലാന്റ് ആദ്യം ആക്രമിക്കുമെന്നാണ് സമൂഹമാധ്യമപോസ്റ്റിലൂടെ ട്രംപിന്റെ ഭീഷണി. ഇറാൻ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്. എന്നാൽ അത്തരം കരാറിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും

ഇറാനെ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കിക്കഴിഞ്ഞുവെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ നേതാക്കളും നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.ഇറാൻ ആക്രമണത്തിന്റെ ഭീകരത സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്‌ക്കരമായ സായാഹ്നമായിരുന്നുവെന്നും ശത്രുക്കളെ എല്ലാ മുന്നണികളിലും ആക്രമിക്കുന്നത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

 

ഇറാന്റെ മിസൈലാക്രമണം തടയുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടെന്ന് ഇസ്രയേലി സൈനിക വക്താവ്. ആക്രമണങ്ങളെ തുടർന്ന് ഇസ്രയേലിൽ സ്‌കൂളുകൾ അടച്ചു. ഇന്നും നാളെയും ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെ ജി – 7 രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമില്ലാത്ത സാഹചര്യം ഉറപ്പാക്കാൻ ഏതൊരു നടപടിക്കും തങ്ങൾ തയ്യാറാണെന്നും ജി – 7 രാജ്യങ്ങൾ. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 അംഗങ്ങൾ. ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ ജി7 രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.