Uncategorized

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

Spread the love

 

എംവി ഗോവിന്ദനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍. വര്‍ഗവഞ്ചന നടത്തിയിട്ടില്ലെന്നും കമ്യൂണിസ്റ്റായി തുടരുമെന്നും പ്രതികരണം. വര്‍ഗ വഞ്ചന എന്താണ് എന്ന് എം വി ഗോവിന്ദനും എം വി ജയരാജനും ഇനിയും മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ വഞ്ചന എന്നാല്‍ ഒരു വര്‍ഗത്തെ വഞ്ചിക്കലാണ്. എന്ത് വര്‍ഗ വഞ്ചനയാണ് ഞാന്‍ നടത്തിയത്. കഴിഞ്ഞ ആഴ്ച വരെ പാര്‍ട്ടി സെക്രട്ടറിയേറ്റിലും പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തില്‍ പാര്‍ട്ടിയുടെ നയത്തിലോ പാര്‍ട്ടിയുടെ തീരുമാനത്തിലോ എതിര്‍ത്തിട്ടുണ്ടോ. ഏതെങ്കിലും കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടോ. ഇന്നേവരെ ഒരു വര്‍ഗവഞ്ചനയും കാണിച്ചിട്ടില്ല. സ്വന്തം വര്‍ഗത്തിന് വേണ്ടി ജീവിത കാലം മുഴുവന്‍ പ്രവര്‍ത്തിച്ചു. ഞാന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്കാരനായി ജീവിക്കുന്നു. ഇനി മരിക്കുന്നത് വരെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയുടെ ജനാധിപത്യം തകര്‍ത്ത് സ്വന്തം താത്പര്യം സംരക്ഷിക്കലാണോ വര്‍ഗ താത്പര്യമെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എതിര്‍ത്തത് അതല്ലേ. എല്ലാ കമ്മിറ്റികളിലും യോഗങ്ങളിലും എംവി ജയരാജന്‍ പങ്കെടുത്തിട്ടുള്ളതല്ലേ. എവിടെ എങ്കിലും ഈ സ്ഥാനാര്‍ഥിയെ കുറിച്ച് നല്ല അഭിപ്രായമുണ്ടോ. പല ലോക്കല്‍ കമ്മിറ്റികളും നടത്താന്‍ സാധിച്ചോ. ശക്തമായ എതിര്‍പ്പല്ലേ വന്നത്. ആരാണ് അപ്പോള്‍ വര്‍ഗത്തോട് വഞ്ചന കാണിക്കുന്നത്. ഞാനാണോ. – അദ്ദേഹം ചോദിച്ചു.

എം വി ഗോവിന്ദന് എതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ടേം ആയി എംഎല്‍എ ആയിരുന്ന് ആ സ്ഥാനം ഒഴിഞ്ഞു പോകുമ്പോള്‍ തന്റെ ഭാര്യയെ തന്നെ അവിടെ പിടിച്ചിരുത്തണമെന്ന് ഗോവിന്ദന്‍ മാഷ്‌ക്കുള്ള വാശിയെന്താണ്. എന്തിനാണ് ഈ വാശിക്ക് ജയരാജനും കൂട്ടരും കൂട്ടു നില്‍ക്കുന്നത്. ആ ചോദ്യത്തിനാണ് ഉത്തരം പറയേണ്ടത്. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തന്നെ അടിച്ചേല്‍പ്പിച്ച് ജനവികാരത്തിന് എതിരായി പ്രവര്‍ത്തിക്കേണ്ട കാര്യമെന്താണ്. മൂന്നാം ടേമിലും മത്സരിച്ച് നാലാമത്തെ ടേമില്‍ എന്റെ ഭാര്യയായിരിക്കണം എവിടെ സ്ഥാനാര്‍ഥി എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്. കെപി രമണി എന്റെ ഭാര്യയായിട്ടാണോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വന്നത്. രമണി എത്രയോ കാലം മുന്‍പ് പാര്‍ട്ടി ഏരിയ കമ്മിറ്റി മെമ്പറാണ് – അദ്ദേഹം പറഞ്ഞു.