Saturday, March 14, 2026
Latest:
Uncategorized

പ്രിയങ്ക ഗാന്ധിയുടെത് പിആര്‍ സ്റ്റണ്ട്, ഐസി ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടി?; കോൺഗ്രസിനേക്കാൾ CPIM ഭേദമെന്ന് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയൻറെ കുടുംബം

Spread the love

 

ഐസി ബാലകൃഷ്ണനെ ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻറെ കുടുംബം. പ്രിയങ്ക ഗാന്ധിക്കെതിരെ നവമാധ്യമ കുറിപ്പുമായി കുടുംബം രംഗത്തെത്തി. കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന് പ്രിയങ്ക ഗാന്ധി വാക്ക് നൽകിയിരുന്നു. അത് നാടകം മാത്രമായിരുന്നു എന്ന് സംശയിക്കുന്നു.അച്ഛൻറെ മരണത്തിന് പ്രതിചേർക്കപ്പെട്ട ഐസി ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. പ്രിയങ്ക ഗാന്ധി പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാൻ ആണോ ഞങ്ങളെ ആശ്വസിപ്പിച്ചത് ?. കുറ്റാരോപിതർക്ക് അധികാരം നൽകുന്നതാണോ നീതി?. പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾ പിആര്‍ സ്റ്റണ്ട് മാത്രമാണോ?. ഐസി ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണ് ? കുടുംബത്തിൻറെ കണ്ണീരിനെ ചവിട്ടി മെതിക്കുന്ന ഈ നീക്കം മാപ്പില്ലാത്ത ചതി ആണെന്നും കുടുംബം ഫേസ്ബുക്കിൽ കുറിച്ചു.

 

ഞങ്ങളുടെ പ്രയാസം പ്രിയങ്ക ഗാന്ധി മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന്എൻ എം വിജയൻറെ മരുമകൾ പത്മജ 24 നോട് പറഞ്ഞു. വയനാട് കോൺഗ്രസ് കൊന്ന് കളഞ്ഞ മനുഷ്യൻറെ കുടുംബത്തോട് നീതിപുലർത്തുമെന്ന് കരുതിയിരുന്നു. ആ വിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസ് സംരക്ഷിച്ചു എന്നാണ് പറയുന്നത്. ഇപ്പോഴും കടങ്ങൾ തീർന്നിട്ടില്ല. സൈബർ ബുള്ളിയിങ് ഒരുപാട് നേരിട്ടു. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇപ്പോൾ ഐസി ബാലകൃഷ്ണൻ പറയുന്നത്.

 

ഐസി മുഖത്ത് നോക്കി പറഞ്ഞിരുന്നു ജയിച്ചാൽ മന്ത്രിയാണ് താനെന്ന്. മന്ത്രി ആയാൽ ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. അച്ഛൻറെ ജീവൻറെ വിലയായി പ്രിയങ്ക ഗാന്ധി നൽകിയ ഉറപ്പാണ് കുറ്റാരോപിതരെ മാറ്റി നിർത്തുമെന്ന്. എന്നിട്ട് ഇപ്പോൾ നടക്കുന്നതെന്താണ്. കോൺഗ്രസിനേക്കാൾ സിപിഐഎം ഭേദമാണ്. കുടുംബത്തോടൊപ്പം നിൽക്കുകയല്ലാതെ പാർട്ടി മാറാൻ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്നും മരുമകൾ പത്മജ 24 നോട് പറഞ്ഞു.