Monday, March 9, 2026
Latest:
Uncategorized

വിഖ്യാത ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അന്തരിച്ചു; അനുശോചിച്ച് നേതാക്കൾ

Spread the love

 

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ തന്നെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായാണ് കെ.എന്‍ പണിക്കര്‍ പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുപരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നില്ല.മതനിരപേക്ഷതയുടെ കാവലാളായ ഇന്ത്യയുടെ ആധുനിക ചരിത്രകാരൻ ചരിത്രത്തിൻ്റെ ഭാഗമായിരിക്കുന്നു‌. ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിലൂടെ

ഇന്ത്യൻ ചരിത്ര ഗവേഷണ ശാഖയിൽ ഒരിക്കലും നികത്താനാകാത്ത വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ അനുശോചിച്ചു.‌

 

രാജ്യം കണ്ട പ്രഗത്ഭമതിയായ ചരിത്രകാരനെയാണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌. ചരിത്രത്തെ വളച്ചൊടിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തെ ശക്തിയുക്തം എതിർക്കാൻ എക്കാലവും അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. സാമ്രാജ്യത്വത്തിന്‌ എതിരെ കർഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും നടത്തിയ പോരാട്ട ചരിത്രം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ച മഹാനായ ചരിത്രകാനായിരുന്നു അദ്ദേഹമെന്നും എം വി ഗോവിന്ദൻ അനുശോചിച്ചു.

 

ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. പിന്നീടാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായത്.

 

പരേതയായ ഉഷാ ഭാര്‍ഗവയാണ് ഭാര്യ. മക്കള്‍ : രാഗിണി, ശാലിനി. മരുമക്കള്‍ : പീതാംബര്‍, ആര്‍.വി രാമന്‍. മൃതദേഹം നാളെ 10 മണിക്ക് ജവഹര്‍ നഗറിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലുമണി വരെ പൊതു ദര്‍ശനമുണ്ടാകും. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.