Uncategorized

വിറച്ചെങ്കിലും വാങ്കഡെയില്‍ വീഴാതെ ഇന്ത്യ; റണ്‍മഴ കണ്ട മത്സരത്തില്‍ ഏഴ് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു

Spread the love

 

ത്രില്ലര്‍ പോര് ജയിച്ച് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ ഏഴ് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246ല്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്‍പി.ടോസ് നഷ്ടമായി ബാറ്റെടുത്ത ഇന്ത്യക്ക് അഭിഷേക് ശര്‍മയെ എളുപ്പം നഷ്ടമായെങ്കിലും സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ബോര്‍ഡില്‍ ആവോളം റണ്ണായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം 42 പന്തില്‍ കുറിച്ചത് 89 റണ്‍സാണ്.

ശിവം ദുബെയുടെ 43ഉം ഇഷാന്‍ കിഷന്റെ 39ഉം ഹാര്‍ദിക് പണ്ഡ്യയുടെ 27ഉം തിലക് വര്‍മയും 21ഉം കൂടിയാപ്പോള്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ മികച്ച ടീം ടോട്ടലായ 253ലെത്തി.റണ്‍മല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം അത്ര നന്നായിരുന്നില്ല. 7.3 ഓവറില്‍ നാലിന് 95 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് ജേക്കബ് ബെത്തല്‍ എന്ന 22കാരന്‍ ഒറ്റയ്ക്ക് ചുമലിലേറ്റി. 48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവര്‍ വരെ പൊരുതി നിന്നു.

അതേസമയം, ജോഫ്ര ആര്‍ച്ചറെ അടിച്ചൊതുക്കിയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. മുന്‍പ് മുഖാമുഖമെത്തിയപ്പോള്‍ അഞ്ച് ഇന്നിങ്സുകളിലെ 25 പന്തുകളില്‍ നിന്നായി സഞ്ജുവിന് ആര്‍ച്ചര്‍ക്കെതിരെ നേടാനായത് വെറും 23 റണ്‍സ് മാത്രമായിരുന്നു. മൂന്ന് തവണ ആര്‍ച്ചറുടെ ഹൈ പേസ് ഷോര്‍ട്ട് പിച്ചിന് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍, വാങ്കഡെയില്‍ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. മൂന്നാം പന്തില്‍ ബൗണ്ടറിയോടെയായിരുന്നു വെടിക്കെട്ടിന് തുടക്കം.

15 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം തുലച്ചു. പിന്നെ ക്രിക്കറ്റ് ലോകം കണ്ടത് ആര്‍ച്ചറെ അടിച്ചൊതുക്കുന്ന സഞ്ജുവിനെ. 14 പന്തില്‍ ആകെ നേടിയത് 38 റണ്‍സ്. ആര്‍ച്ചര്‍ മാത്രമല്ല സാം കറനും ജാമി ഓവര്‍ട്ടനും ആദില്‍ റഷീദുമെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

42 പന്തില്‍ 8 ഫോറും 7 സിക്സും ഉള്‍പ്പടെ ക്ലാസും മാസും ഒത്തുചേര്‍ന്ന 89 റണ്‍സാണ് മലയാളിപ്പയ്യന്‍ നേടിയത്. ഒടുവില്‍ പതിനാലാം ഓവറില്‍ സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 160ലെത്തിയിരുന്നു. സെഞ്ചുറി നേടാന്‍ അവസരമുണ്ടായിട്ടും ടീമിനായി അടി നിര്‍ത്താത്തിരുന്നു സഞ്ജുവിന്റെ സെല്‍ഫ് ലെസ്റ്റ് ഇന്നിങ്സിനും ക്രിക്കറ്റ് ലോകം കയ്യടിക്കുന്നു.