Tuesday, March 3, 2026
Latest:
Uncategorized

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

Spread the love

 

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു.

പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും കൂട്ടുന്നത് അടക്കം പരിഗണനയിലാണ്. യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.

 

യുഎസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം. പ്രതിസന്ധി തുടർന്നാൽ ഇന്ധന കയറ്റുമതി നിയന്ത്രിക്കുന്നതും ഗാർഹിക വാതകത്തിനും പൈപ്പ് വഴിയുള്ള വിതരണത്തിനും മുൻഗണന നൽകുന്നതും പരിഗണനയിൽ. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ ഇന്ധനം തിരിച്ചുവിടാൻ സ്വകാര്യ കമ്പനികളിൽ സമ്മർദ്ദം ചെലുത്താനും സാധ്യത. രണ്ടാഴ്ചത്തേക്കുള്ള എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തൽ

 

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.

 

യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

 

യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവില വര്‍ധിച്ചിരുന്നു. ഹോര്‍മുസ് അടക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ട് ദിവസമായി കുതിക്കുകയാണ്. ഇറാനിലെ പരമോന്നതനേതാവ് കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്‌കൃത എണ്ണവിലയില്‍ പത്തുശതമാനം വിലവര്‍ധന രേഖപ്പെടുത്തിയിരുന്നു.