ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ലക്ഷ്യമിടുന്ന പ്രധാന മിഡിൽ ഈസ്റ്റേൺ നഗരങ്ങളിൽ ഒന്നാണ് ഖത്തർ.ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് ശേഷം ഖത്തർ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് അടച്ചുപൂട്ടി. ഇറാൻ ഇതുവരെ തൊടുത്തത് 104 മിസൈലുകളെന്ന് ഖത്തർ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഖത്തറിനു നേരെ 101 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 39 ഡ്രോണുകളും രണ്ട് പോർവിമാനങ്ങളുമെത്തി, 98 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 24 ഡ്രോണുകളും തടുത്തുവെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഔദ്യോഗിക മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും അത്യാവശ്യ അവസരത്തില്ലല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് ഖത്തറിലെ ഇന്ത്യക്കാർക്ക് ദോഹയിലെ ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. യാത്രാ അപ്ഡേറ്റുകൾക്കായി വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും എംബസി.
തുടർച്ചയായ നാലാം ദിവസവും ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം തുടരുകയാണ് ഇറാൻ. ഗൾഫ് നഗരങ്ങളിലുടനീളമുള്ള സിവിലിയൻ, വാണിജ്യ മേഖലകളിൽ ഇറാനിയൻ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത് പ്രധാന വ്യോമയാന പാതകളെയും , വ്യാപാര കേന്ദ്രങ്ങളെ കാര്യമായി ബാധിച്ചു. സൗദിയിലെ അമേരിക്കൻ എംബസിക്ക് നേരെയും ഡ്രോൺ ആക്രമണം നടത്തി ഇറാൻ. കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ദുബായിലെ ഓസ്ട്രേലിയൻ എംബസിക്ക് നേരേയും ആക്രമണം ഉണ്ടായി. നാബിലെ സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണം മനുഷ്യാവകാശ ലംഘനമെന്ന് യുനെസ്കോ വ്യക്തമാക്കി.
അതേസമയം, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് കുവൈത്ത്. ഇതിനോടകം 97 ബാലിസ്റ്റിക് മിസൈലുകളും 300 ഓളം ഡ്രോണുകളും കുവൈത്തിലേക്ക് ഇറാൻ തൊടുത്തുവിട്ടു. എന്നാൽ മിസൈലുകളെല്ലാം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് കുവൈത്ത് തടഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ കുവൈത്തിൽ 12 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.
