Uncategorized

ബാര്‍ സമയം വര്‍ധിപ്പിച്ചത് മുന്നണി അറിയാതെ; തിരഞ്ഞെടുപ്പിന് മുന്‍പ് തിരക്കിട്ട് തീരുമാനം; വിവാദം കനക്കുന്നു

Spread the love

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. ബാര്‍ സമയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണെന്നാണ് ഉയരുന്ന ആരോപണം. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചര്‍ച്ച ചെയ്യാതെ ബാറുകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. (Kerala extends bar timings)ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടുപോയി. ബാറുകള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ കനത്തത്തതോടെ കഴിഞ്ഞ വര്‍ഷം മദ്യ നയത്തില്‍ മാറ്റം വരുത്താതെ വിവാദങ്ങളില്‍ നിന്നും തടിയൂരി. ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന വ്യാപകമായി പണപ്പിരിവ് നടത്തിയെന്നായിരുന്നു നേരത്തെ ഉയര്‍ന്ന വിമര്‍ശനം. ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നതിനായി ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കാന്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനേയും സിപിഐഎമ്മിനേയും പ്രതിരോധത്തിലാക്കിയിരുന്നു.ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാവിന്റേതെന്ന രീതിയില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുമെന്നും, അതിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നുമായിരുന്നു ആവശ്യം. ശബ്ദ സന്ദേശം വിവാദമായതോടെ ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാക്കള്‍ മലക്കം മറിഞ്ഞു. അസോസിയേഷന് തലസ്ഥാനത്ത് ആസ്ഥാന മന്ദിരം വാങ്ങിക്കാനുള്ള ഫണ്ട് ക്യാമ്പയിനായിരുന്നു അതെന്നും, അല്ലാതെ ആര്‍ക്കും പണം നല്‍യില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് നേതാക്കളുടെ വിശദീകരണം.

ഡ്രൈ ഡേ പിന്‍വലിക്കുമെന്നത് സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ വ്യാജ പ്രചരണമെന്നായിരുന്നു എക്സൈസ്് മന്ത്രിയുടെ ആരോപണം. എന്നാല്‍, ബാറുടമയുടെ വെളിപ്പെടുത്തല്‍ സംസ്ഥാന ടൂറിസം, എക്സൈസ് വകുപ്പുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. ഒന്നാം തീയതി ഡ്രൈഡേ എന്നതില്‍ മാറ്റം വരുത്തണമെന്നും സമയം നീട്ടണമെന്നും ബാര്‍ ഉടമകള്‍ സര്‍ക്കാരിനോട് നേരത്തെ വശ്യപ്പെട്ടിരുന്നു.

ഒന്നാം തീയതിയുള്ള ഡ്രൈഡേ കാരണം വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നില്ലെന്നും, വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ നമ്മുടെ സംസ്ഥാനത്ത് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നില്ലെന്നുമായിരുന്നു ടൂറിസം വകുപ്പിന്റെ പരാതി. വിനോദസഞ്ചാരികളേയും കോര്‍പ്പറേറ്റുകളേയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കണമെങ്കില്‍ ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്ത് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.

ഡ്രൈഡേ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും മദ്യ നിരോധന സമിതിയും വിവിധ ക്രിസ്ത്യന്‍ സഭകളും രംഗത്തെത്തിയിരുന്നു. സിപിഐയും ഡ്രൈഡേ പിന്‍വലിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ, തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. ഇതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ തീരുമാനവും മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സര്‍ക്കാറിന്റെ മദ്യനയത്തെ ബാര്‍ സമയം വര്‍ധിപ്പിച്ച തീരുമാനം ബാധിക്കില്ലെന്നാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കുന്നത്.

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കണമെന്ന ബാര്‍ ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നാണ് പറയപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ സമയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ബാറുകളുടെ സമയം നേരത്തെ തന്നെ 12 മണിവരെയാക്കിയിട്ടുണ്ട്. ഈ സമയത്തിലേക്ക് നിലവിലുള്ള ബാറുകളുടെ സമയം ക്രമീകരിക്കുകയാണ് ചെയ്തതെന്നാണ് മന്ത്രിയുടെ വാദം.

കര്‍ണാടകയിലും ആന്ധ്രയിലും ബാറുകളുടെ പ്രവര്‍ത്തന സമയം നേരത്തെ തന്നെ കൂടുതലാണെന്നും ഇവിടങ്ങളില്‍ ലൈസന്‍സ് ഫീസ് വളരെ കുറവാണെന്നും, കേരളത്തില്‍ ലൈസന്‍സ് ഫീസ് വളരെ കൂടുതലാണ് എന്നുമാണ് എക്സൈസ് മന്ത്രിയുടെ ന്യായീകരണം. ബാര്‍ ഉടമകള്‍ക്ക് സഹായം ചെയ്തെന്ന വാദത്തെ മറികടക്കാനായാണ് മറ്റു സംസ്ഥാനങ്ങളിലെ ബാര്‍ പ്രവര്‍ത്തന സമയം സംബന്ധിച്ചുള്ള വിവരങ്ങള്‍ മന്ത്രി വിശദമാക്കിയത്.