സാബു എം ജേക്കബിനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകരുത്; റിപ്പോർട്ടർ ടിവിയെ വിലക്കി കോടതി
ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബിന് എതിരെ വാർത്തകൾ നൽകുന്നതിന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്. കേസ് അവസാനിക്കുന്നത് വരെ സാബു എം ജേക്കബിനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകരുതെന്ന് പെരുമ്പാവൂർ സബ് കോടതി ഉത്തരവിട്ടു. വാർത്തയിൽ പ്രഥമ ദൃഷ്ട്യാ അപകീർത്തിപരമായ പരാമർശങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.ട്വന്റി-20യുടെ എൻഡിഎ പ്രവേശനം ഇഡിയിൽ നിന്ന് രക്ഷപെടാൻ എന്ന വാർത്തയ്‌ക്കെതിരെയാണ് സാബു കോടതിയെ സമീപിച്ചത്. ഒന്നു മുതൽ 17 വരെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു സാബു എം ജേക്കബ് കോടതിയെ സമീപിച്ചത്. ആൻ്റോ അഗസ്റ്റിൻ ഉൾപ്പടെയുള്ളർക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചത്.
വ്യാജ വാർത്ത സൃഷ്ടിച്ച് മനപൂർവ്വം ഉപദ്രവിക്കാനാണ് റിപ്പോർട്ടർ ചാനൽ ശ്രമിക്കുന്നതെന്ന് നേരത്തെ സാബു എം ജേക്കബ് വിമർശിച്ചിരുന്നു. ന്യൂസ് ചാനൽ കൈയ്യിൽ ഉണ്ടെന്ന് കരുതി ആരെയും കരിവാരി തേക്കാം എന്ന ചിന്ത മാറണം. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. റിപ്പോർട്ടർ ചാനലിനെതിരെ കേന്ദ്ര വാർത്താമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.
