Uncategorized

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

Spread the love

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിൽ കോഡുകൾ അടക്കം കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ തൊഴിലാളി സംഘടനകൾ സംയുക്തമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. റെയിൽവേ,ബാങ്കിംഗ് , ഇൻഷുറൻസ്, സർവീസ് മേഖലകൾ പങ്കെടുക്കുന്ന പണിമുടക്കിൽ രാജ്യത്തെ വ്യവസായ മേഖല സ്തംഭിച്ചേക്കും.കർഷക -കർഷക തൊഴിലാളി സംഘടനകളും, ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരത്തോളം കേന്ദ്രങ്ങളിൽ പ്രത്യേക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ല പ്രാദേശിക തലങ്ങളിലാകും പ്രതിഷേധങ്ങൾ നടക്കുക. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതുപണിമുടക്കിൽ പൂർണ്ണമായും സ്തംഭിക്കും എന്നാണ് കണക്കാക്കുന്നത്. അവശ്യസർവീസുകളെ പൊതുപണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യ മണിക്കൂറുകളിൽ പൊതുപണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല.

സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ ടാക്സി സർവീസ്, കെ എസ് ആർ ടി സി സർവീസുകൾ, ബാങ്കിംഗ് സേവനങ്ങൾ, കട കമ്പോളങ്ങൾ എന്നിവയെ പണിമുടക്ക് കാര്യമായി ബാധിക്കും. അവശ്യ സേവനങ്ങളായ ആശുപത്രി, പാൽ,പത്രം, മരുന്നുകടകൾ അഗ്നിരക്ഷാസേന, ആംബുലൻസ്,റെയിൽവേ സർവീസ്, ശബരിമല മാരാമൺ – തീർത്ഥാടകർ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് എതിരെ സംസ്ഥാന സർക്കാർ ഡയ്സ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് വേതനം ലഭിക്കില്ല. പണിമുടക്ക് ദിവസം അവധിയും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിൽ ബലപ്രയോഗമോ, അക്രമമോ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുക.