‘ഫണ്ട് പിരിച്ച് മുക്കിയവർക്കും സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരും’; രമേശ് ചെന്നിത്തല
രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരം. കേരള ജനത ഇവരെ പുറത്താക്കാൻ തയ്യാറെടുത്തു നിൽക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ച് എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണനെ പുറത്താക്കി. അയ്യപ്പന്റെ സ്വർണ്ണം അടിച്ചു മാറ്റിയവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ ആളുകൾ മാന്യന്മാരായി നടക്കുന്നുവെന്നും അദേഹം പറഞ്ഞു. ഇവരൊക്കെ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. അയ്യപ്പനോട് കളിച്ചാൽ അവരെല്ലാം അനുഭവിക്കാൻ പോകുന്നതേയുള്ളൂ. സാക്ഷാൽ കലിയുഗവരദനായ അയ്യപ്പനോട് ഈ കളികൾ ഒന്നും വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കേസിൽ ഇതുവരെ എസ്ഐടി തൊണ്ടിമുതൽ കണ്ടുപിടിച്ചിട്ടില്ല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല.
എസ്ഐടിയ്ക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലത്തുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്ഐടിക്കെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിലെ സ്വർണ കൊള്ള. എസ്ഐടി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
