വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം; പയ്യന്നൂരിൽ ഇന്ന് CPIM വിശദീകരണ യോഗം
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കണ്ണൂർ പയ്യന്നൂരിൽ ഇന്ന് സിപിഐഎം വിശദീകരണ യോഗം നടത്തും. വെളിപ്പെടുത്തൽ നടത്തിയ സിപിആഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം വാദം.രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉൾപ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാർട്ടി ന്യായീകരണം. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വിശദീകരിക്കും. അതേസമയം ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ വിമർശിച്ചിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണൻ പരസ്യമായി പ്രതികരിച്ചിരുന്നു.
