കോരിത്തരിപ്പിച്ച് ക്യാരക്ടർ പോസ്റ്റർ ;ഞെട്ടിക്കാൻ പേട്രിയറ്റ് ആദ്യപോസ്റ്റർ നാളെ എത്തും
2026-ലെ ഏറ്റവും വലിയ കൊളാബ് എന്ന് വിളിക്കാവുന്ന പേട്രിയറ്റിന്റെ ആദ്യ പോസ്റ്റർ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും. മലയാളസിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വലിയ താരനിര അണിനിരക്കുന്ന പേട്രിയറ്റ് രാജ്യസ്നേഹത്തിന്റെ കഥയാണ് പറയുന്നത്. ഇന്ത്യൻസിനിമ കണ്ട ഏറ്റവും വലിയ സ്പൈ ത്രില്ലറുകളിലൊന്നാകും ഇത്.മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒരുമിക്കുന്ന സിനിമ എന്നത് മാത്രമല്ല മലയാളസിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യം ചിത്രത്തിലുണ്ട്. ഫഹദ്ഫാസിൽ,കുഞ്ചാക്കോ ബോബൻ എന്നിവർ മുതൽ ദർശന രാജേന്ദ്രനും സെറിൻ ഷിഹാബും വരെ നീളുന്നു ആ പട്ടിക. ഇതിനൊപ്പം നയൻതാര കൂടിയാകുമ്പോൾ രണ്ട് പതിറ്റാണ്ടിനിടെ മലയാളസിനിമ കണ്ട ഏറ്റവും വലിയ നക്ഷത്രത്തിളക്കമാണ് ചിത്രത്തിലുള്ളത്.രേവതി,ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. പാൻ ഇന്ത്യൻ സിനിമയായൊരുങ്ങുന്ന പേട്രിയറ്റിന്റെ സംവിധായകൻ ടേക്ക് ഓഫ്,സീ യൂ സൂൺ,മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മികവിന്റെ കൈയൊപ്പിട്ട മഹേഷ് നാരായണനാണ്.
മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ടു ചിത്രീകരണം. 2024 നവംബർ ശ്രീലങ്കയിലാണ് പേട്രിയറ്റ് ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്.
ഇന്ത്യയിലെ വൻ നഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും പേട്രിയറ്റ് എന്ന് ഉറപ്പിക്കുന്നതായിരുന്നു പേട്രിയറ്റ് ടീസർ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സംഗീതമൊരുക്കുകയും ചെയ്യുന്ന സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ,റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ രചനയും സംവിധാനവും മഹേഷ് നാരായണനാണ്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്.
