പിഴ ഒഴിവാക്കാൻ മൂന്ന് ലക്ഷം കൈക്കൂലി; പാലക്കാട് GST എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പിടിയിൽ
പാലക്കാട് മൂന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. പുതുശ്ശേരി സ്വദേശി കെ സുമനെയാണ് വിജിലൻസ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാളയാർ ദേശീയപാതയിലെ കുരുടിക്കാട് വെച്ച് പാലക്കാട് ജിഎസ്ടി എൻഫോഴ്സ്‌മെന്റ് ഇൻസ്പെക്ടർ സുമനെ വിജിലൻസ് പിടികൂടിയത്.രണ്ടാഴ്ച്ച മുമ്പ് സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു. ഇതിനു പിഴയും ചുമത്തി. ഇതൊഴിവാക്കാൻ കൈക്കൂലിയായി 4 ലക്ഷം രൂപയാണ് സുമൻ ആവശ്യപ്പെട്ടത്. തുടർന്ന് മൂന്നര ലക്ഷം രൂപ പറഞ്ഞ് ഉറപ്പിച്ചു. ഇത് വാങ്ങാൻ ഇന്ന് ഉച്ചയോടെ കുരുടിക്കാടിൽ സുമൻ എത്തിപ്പോഴാണ് വിജിലൻസിന്റെ വലിയിലായത്. കൈക്കൂലി നൽകുന്നതിനിടെ ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം സുമനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ലോറി ഉടമയുടെയും ജീവനക്കാരുടെയും പരാതിയിലായിരുന്നു വിജിലൻഡിൻ്റെ മിന്നൽ നീക്കം. സുമൻ്റെ വീട്ടിലും പരിശോധന നടത്തി. നേരത്തെയും സുമനെതിരെ കൈക്കൂലി ആരോപണവുമായി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും.
