‘ഇടതുപക്ഷത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് കലാകാരന്മാർക്ക് നേരെയുള്ള ആക്രമണം പ്രതിഷേധാർഹം’; എം. സ്വരാജ്
ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത്
പ്രതിഷേധാർഹമാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. സംസ്കാരം തൊട്ടു തീണ്ടിട്ടില്ലാത്ത വിധം യുഡിഎഫ് സൈബർ ഹാൻഡിലുകൾ അവരെ ആക്രമിക്കുന്നു. നിലമ്പൂർ ആയിഷയും ആക്രമിക്കപ്പെടുന്നു. കെ ആർ മീരയെ എഴുതാൻ പോലും അനുവദിക്കില്ലെന്ന തരത്തിലാണ് ഭീഷണി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് അംഗീകരിക്കാൻ കഴിയാത്തത് മറ്റാർക്കും ചെയ്യരുത് എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന് പ്രേരണ നൽകുന്നത് അവരുടെ ചില രാഷ്ട്രീയ നേതാക്കളാണ്. കെ.ആർ. മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം അപലപനീയമാണെന്ന് എം. സ്വരാജ് പ്രതികരിച്ചു.
പുസ്തകങ്ങളെ സ്നേഹിക്കുന്ന സ്വരാജ് സാഹിത്യോത്സവങ്ങളിലുൾപ്പെടെ സ്ഥിരം സാന്നിധ്യമാണ്. ആര്യാടൻ ഷൗക്കത്ത് ആകട്ടെ, തിരക്കഥാകൃത്തായും ചലച്ചിത്ര നിർമാതാവായും മികവ് തെളിയിച്ചയാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ സാംസ്കാരിക രംഗത്തുള്ളവർ പക്ഷം പിടിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ആശാ സമരത്തിലുൾപ്പെടെ സർക്കാരിനോട് വിമർശന ഉന്നയിച്ചെങ്കിലും നിലമ്പൂരുകാരനായിരുന്നെങ്കിൽ വോട്ട് സ്വരാജിന് ചെയ്യുമായിരുന്നുവെന്ന് കവി സച്ചിദാനന്ദന്റെ പ്രതികരണം. സ്വരാജിന് വോട്ട് ചെയ്യാൻ ആകില്ലെന്ന് സങ്കടമുണ്ടെന്ന് പറഞ്ഞു മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയായിരുന്നു കെ ആർ മീരയുടെ പിന്തുണ. ഇതിന് പിന്നാലെയാണ് പരോക്ഷ വിമർശനവുമായി പി എഫ് മാത്യൂസ് രംഗത്ത് എത്തിയത് . സാംസ്കാരിക നായകർ സർക്കാരിന് ദാസ്യ പണി ചെയ്യുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പ്. നടന്മാരായ പിപി കുഞ്ഞികൃഷ്ണൻ സ്വരാജിന് വേണ്ടിയും ജോയ് മാത്യൂസ് ആര്യാടൻ ഷൗക്കത്തിന് വേണ്ടിയും കളത്തിലിറങ്ങി.സാംസ്കാരിക ലോകത്തിന്റെ പിന്തുണ സാധാരണക്കാരുടെ വോട്ടായി മാറുമോ എന്നാണ് സ്ഥാനാഥികൾ ഉറ്റുനോക്കുന്നത്.
