Friday, February 13, 2026
Latest:
KeralaTop News

‘UDFഉം ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷിയായി മാറി; വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും’; എംവി ​ഗോവിന്ദൻ

Spread the love

യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ലീഗും യുഡിഎഫിലെ മറ്റു കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദത്തിൻ്റെ വക്താക്കളാണെന്നും ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ലക്ഷ്യമിടുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിൻ്റേത് അപകടകരമായ നീക്കം. വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടക്കെട്ട് ഇന്നലെയുമില്ല ഇന്നുമില്ല നാളെയുമില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവറിനെ കൂട്ടാതെ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ട് കൂടിയിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.

പരാജയഭീതി നേരിട്ടതോടെ വർഗീയ കൂട്ടുക്കെട്ടുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് തീരുമാനം അപകടകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വോട്ടർമാർ ഇത് തിരിച്ചറിയുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത്‌ പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ്.

നിലമ്പൂരിൽ പ്രചാരണ വിഷയങ്ങൾ അനുദിനം മാറുകയാണ്. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു പ്രചാരണ തുടക്കം. ഇവ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.