KeralaTop News

യുപിഐ ഇടപാടുകളിൽ ലക്ഷങ്ങളുടെ കൈമാറ്റം; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി

Spread the love

ബിജെപി നേതാവും നടനുമായ ജി.കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളിൽ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.

ഇതിനിടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാർ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ അപേക്ഷ നൽകി.

അതേസമയം ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകൻ മുഹമ്മദ് ഉനൈസ് 24 നോട്‌ പറഞ്ഞു. 11 മാസമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത് സ്റ്റാഫുകൾ ആണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്നത് 27 ലക്ഷം രൂപയാണ്. ശമ്പളം ഒഴിച്ചുള്ള മുഴുവൻ തുകയും തിരിച്ചു നൽകിയെന്നും ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള തെളിവുകൾ കോടതിയിൽ നൽകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.