NationalTop News

മേഘാലയയിലെ ഹണിമൂണ്‍ കൊല; വീണ്ടും മലക്കം മറിഞ്ഞ് സോനം; തന്റെ ആഭരണങ്ങള്‍ കവരാന്‍ വന്ന അക്രമികളാണ് ഭര്‍ത്താവിനെ കൊന്നതെന്ന് മൊഴി

Spread the love

മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ നവവരനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മലക്കംമറിഞ്ഞ് സോനം രഘുവന്‍ഷി. തന്റെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ എത്തിയ അക്രമി സംഘത്തെ ചെറുത്തപ്പോഴാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നാണ് സോനത്തിന്റെ പുതിയ മൊഴി. എന്നാല്‍ കൊലപാതകം ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

യുപി പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്ന പ്രതികളെ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് വാറണ്ടിനാണ് മേഘാലയ പൊലീസിന് കൈമാറിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി സോനം രഘുവന്‍ഷി കുറ്റം നിഷേധിച്ചു. കവര്‍ച്ച ശ്രമത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടത്. തനിക്ക് മയക്കുമരുന്ന് നല്‍കി ആരോ യുപിയിലെ ഗാസിയാബാദില്‍ എത്തിച്ചു. മറ്റൊന്നും തനിക്ക് ഓര്‍മയില്ലെന്നാണ് സോനം പറയുന്നത്. എന്നാല്‍ സോനത്തിന്റേയും കാമുകന്റെയും പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊലയ്ക്ക് ശേഷവും മുമ്പും വാടക കൊലയാളികളുമായി സോനം ഫോണില്‍ സംസാരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഷില്ലോങില്‍ നിന്ന് സോനം പോയത് ഗുവാഹത്തിയിലേക്കാണ്. അവിടെ എത്തിയ ശേഷവും കാമുകന്‍ രാജ് കുശ്വാഹയുമായി ഫോണില്‍ സംസാരിച്ചു. അതേസമയം സോനം അങ്ങനെ ചെയ്യില്ലെന്നും പൊലീസ് ചുമത്തിയത് കള്ളക്കേസെന്നുമാണ് പ്രതികളും കുടുംബം ആരോപിക്കുന്നത്.

എന്നാല്‍ അഞ്ചിലധികം പ്രതികള്‍ പിന്നിലുണ്ടെന്നാണ് കൊല്ലപ്പെട്ട രാജാ രഘുവന്‍ഷിയുടെ കുടുംബം ആരോപിക്കുന്നത്. കീഴടങ്ങുന്നതിന് മുമ്പ് സോനം സഹോദരനെ വിളിച്ചിരുന്നു. തന്നെ ആരോ കൊണ്ടാക്കി എന്നാണ് സഹോദരനോട് പറഞ്ഞത്. കൊലപാതകം ആസൂത്രണം ചെയതത് സോനമാണെന്നും, മണിക്കൂറുകളോളം സോനം കാമുകനുമായി ഫോണില്‍ സംസാരിച്ചത് തന്നെ ഇതിന്റെ തെളിവാണെന്നും രഘുവന്‍ഷിയുടെ കുടുംബവും ആരോപിച്ചു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളും ഉണ്ട്. സ്വര്‍ണവും പണവും കൈക്കലാക്കി കാമുകനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന വിലയിരുത്തലിലാണ് പൊലീസ് ഉള്ളത്.