NationalTop News

ഓപ്പറേഷന്‍ സിന്ദൂർ; എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

Spread the love

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച
എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി. പ്രത്യേക സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം ‌പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ.

അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എക്‌സില്‍ പങ്കുവച് ഹിന്ദി കവിതയിൽ‌ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

ഗയാന, പനാമ, കൊളംബിയ, ബ്രസീൽ എന്നിവ ഉൾപ്പെട്ടിരുന്ന ബഹുരാഷ്ട്ര സന്ദർശനത്തിലെ അവസാന സ്റ്റോപ്പ് അമേരിക്കയായിരുന്നു.ജൂൺ 3നാണ് തരൂരും സംഘവും വാഷിംഗ്ടണിൽ എത്തിയത്. അവിടെ അവർ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്,ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ,കോൺഗ്രസിലെ മുതിർന്ന അംഗങ്ങൾ,നയ വിദഗ്ദ്ധർ,ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വാൻസുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് തരൂർ പറഞ്ഞു. പഹൽഗാം അക്രമത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ച വാൻസ് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാണിച്ച സംയമനത്തെ പ്രശംസിച്ചെന്നും തരൂർ വെളിപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ ശക്തമായ പിന്തുണ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ലാൻഡൗ ആവർത്തിച്ചു.