KeralaTop News

കപ്പല്‍ അപകടം: രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ എത്തിച്ചു; ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തത്തിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ എത്തിച്ചു. എ ജെ ആശുപത്രിയില്‍ നിന്ന് രണ്ട് ആംബുലന്‍സുകള്‍ മംഗളൂരു തുറമുഖത്ത് എത്തി. അപകടത്തില്‍ പരുക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. ചൈന സ്വദേശിയായ ലൂ എന്‍ലി, തായ്വാന്‍ സ്വദേശി സോണിറ്റൂര്‍ എസൈനി, ചൈന സ്വദേശികളായ സൂ ഫാബിനോ, ഗുവോ ലെനിനോ മ്യാന്‍മര്‍ സ്വദേശികളായ തെയ്ന്‍ താ ഹട്ടെ, ഖയ്‌സ്യ ഹട്ടു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അപകടത്തില്‍ കേരളതീരത്ത് നിലവില്‍ ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കി. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു.

അതേസമയം അഴീക്കല്‍ പുറംകടലില്‍വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് I.N.C.O.I.S. കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. ഇവരുടെ വാര്‍ത്താകുറിപ്പാണ് പുറത്ത് വന്നിട്ടുള്ളത്.