ശ്രീചിത്രയിൽ പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്രം നടപടി എടുത്തില്ല, സ്ഥാപനത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാൻ ശ്രമം; എ എ റഹിം എം പി
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണെന്നും വളരെ ആസൂത്രിതമായി സ്ഥാപനത്തെ കേന്ദ്രം ഇല്ലായ്മ ചെയ്യുകയാണെന്നും എഎ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധിയാണ് ഇപ്പോൾ പ്രധാന ചർച്ച. ഇത് ഗൗരവകരമായ പ്രശ്നമാണ്.
അതേസമയം, ശ്രീചിത്രയിൽ ഇൻറർവെൻഷണൽ റേഡിയോളജി ശസ്ത്രക്രിയകൾ മുടങ്ങിയതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കം. എച്ച് എൽഎല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി മരുന്ന് എത്തിച്ച് ഒരാഴ്ചയോടെ ശസ്ത്രക്രിയ പുനഃരാരംഭിക്കാനാണ് തീരുമാനം.
പ്രതിസന്ധിയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല. ഡോക്ടർമാരുടെ ഉൾപ്പെടെ നിയമനങ്ങൾ നടത്തുന്നില്ല. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി കരാർ ഒപ്പുവെക്കാൻ ശ്രീചിത്ര അധികൃതർ തയ്യാറാകുന്നില്ല. ഇത് കൃത്യമായ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിലെ ഭാഗമാണ്. ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണാനുള്ള അനുമതി തേടുമെന്നും റഹിം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ന്യൂറോ ഇൻറർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ പൂർണ്ണമായും മുടങ്ങി. ഇന്ന് നടത്താനിരുന്ന 15 ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സംഭവത്തിൽ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രീചിത്ര ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പുറത്തു പ്രചരിക്കുന്ന തരത്തിൽ വലിയ പ്രശ്നം ശ്രീചിത്രയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രോഗികൾക്ക് ഉണ്ടായിട്ടുള്ള പ്രശ്നം രണ്ടു ദിവസത്തിനകം പരിഹരിക്കും. അടിയന്തര ആവശ്യമുള്ള ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിൽ നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
അതിനിടെ ഉപകരണങ്ങൾ വാങ്ങാത്തതിന് പിന്നിൽ അഴിമതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീചിത്രയിലേക്ക് പ്രതിഷേധവുമായി എത്തി. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾ തുടങ്ങിയെങ്കിലും മാറ്റിവെച്ച ശസ്ത്രക്രിയകൾ പൂർത്തിയാകാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിവരം.
