NationalTop News

എവിടെയും നടക്കാവുന്ന കാര്യം, ഭരിക്കുന്ന പാർട്ടിയെ കുറ്റപ്പെടുത്താനാവില്ല; കർണാടക സർക്കാരിനെ ന്യായീകരിച്ച് രാജീവ് ശുക്ല

Spread the love

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തമുണ്ടായ സാഹചര്യത്തിൽ ന്യായീകരണവുമായി കോൺഗ്രസ് എം പിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല. ഇത് എവിടെയും നടക്കാവുന്ന കാര്യം.

ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് ആരും കരുതിയില്ല. മരിച്ചവരുടെ കുടുംബത്തിനൊപ്പം ആണ് ബി സി സി ഐ ഇപ്പോഴെന്നും കോൺഗ്രസ് എംപി കൂടിയായ രാജീവ് ശുക്ല അറിയിച്ചു.

ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡ് റദ്ദാക്കി ആര്‍സിബി. വിജയാഘോഷത്തിന്‍റെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സാഹചര്യത്തിലാണ് ആഘോഷ പരിപാടികൾ റദ്ദാക്കിയത്. വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎൽ ഭരണ സമിതി വ്യക്തമാക്കി. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.
ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതർ തന്നോട് പറഞ്ഞതെന്നും ഉടൻ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നൽകിയെന്നും അരുൺ ധുമാൽ കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.