എറണാകുളം ജില്ലയിൽ ശക്തമായ മഴ; ഇടപ്പള്ളിയിൽ ഉൾപ്പെടെ വെള്ളക്കെട്ട്
എറണാകുളം ജില്ലയിൽ ശക്തമായ മഴ. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇടപ്പള്ളി, എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങമ്പുഴ പാർക്ക്, തമ്മനം കലൂർ, തൈക്കുടം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത് . ശക്തമായ മഴയിൽ വെള്ളം കയറിയതിനാൽ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു. എറണാകുളം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് ആണ്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
കേരള തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ അടുത്ത മണിക്കൂറുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി ചൊവ്വാഴ്ച്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട ്.ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.