Friday, March 13, 2026
Latest:
KeralaTop News

സ്വരാജിന് മത്സരിക്കാമല്ലോ; സ്ഥാനാര്‍ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം’ ; പി വി അന്‍വര്‍

Spread the love

സ്ഥാനാര്‍ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണം. താന്‍ ഉയര്‍ത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരെ വികാരം നാട്ടില്‍ ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുക. അതുവരെ എല്ലാവരും സമന്‍മാരല്ലെ. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്. ഓരോ ദിവസവും മനുഷ്യന്റെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസം ജനങ്ങളുടെ മനസിനെ സ്വാധീനിക്കും – പി വി അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ ഉള്‍പ്പടെ ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്നും ആരെങ്കിലും മത്സരിക്കുന്നത് നോക്കിയല്ല എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സ്വരാജ് പ്രതികരിച്ചു. ഇടതു മുന്നണിയുടെ പോരാട്ടം ഇടത് വിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ്. വ്യക്തികള്‍ക്കെതിരെയല്ല മത്സരം. തുടര്‍ഭരണത്തിനുള്ള വാതിലായി ഉപതിരഞ്ഞെടുപ്പ് മാറും. അന്‍വറിനെ കുഴിയില്‍ ചാടിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍. പി വി അന്‍വറിന്റെ നിലപാടിനെ കുറിച്ച് എനിക്ക് അറിയില്ല. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട് – സ്വരാജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കറിവേപ്പില പരിഹാസത്തിനും പി വി അന്‍വര്‍ മറുപടി നല്‍കി കറിവേപ്പില ആന്റി ബയോട്ടിക്കാണ്. കറിവേപ്പില ഏത് കറിയിലിട്ടാലും സ്വാദ് കൂടുമെന്നും പി വി അന്‍വറിന്റെ പ്രതികരണം. കറിവേപ്പില നമ്മള്‍ ഒക്കെ കറിയില്‍ ഉപയോഗിക്കുന്നതാണല്ലോ? പോഷകഗുണമുള്ള സാധനമാണ്. ആ കറിവേപ്പിലയെ പോലെ എന്നെ ആക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ ചെറിയൊരു വസ്തുതയുണ്ടല്ലോ? – അന്‍വര്‍ ചോദിച്ചു.