KeralaTop News

‘ നിലമ്പൂരില്‍ സിപിഐഎം പ്രഖ്യാപിക്കുക ജനഹൃദയങ്ങളിലുള്ള സ്ഥാനാര്‍ഥിയെ ‘ ; എം എ ബേബി

Spread the love

ജനഹൃദയങ്ങളിലുള്ള സ്ഥാനാര്‍ഥിയെയാകും നിലമ്പൂരില്‍ സിപിഐഎം പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്നും തിരഞ്ഞെടുപ്പിന് സംഘടനാപരവും രാഷ്ട്രീയപരവുമായ തയാറെടുപ്പ് ആരംഭിച്ചത് സിപിഎമ്മും ഇടതു മുന്നണിയും ആണെന്നും അദ്ദേഹം പറഞ്ഞു.

പിവി അന്‍വര്‍ യുഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും എങ്ങനെ പെടാപ്പാടുപെടുന്നു എന്ന് കാണുന്നില്ലേ. യുഡിഎഫിനെ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലമ്പൂരില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥി നിലമ്പൂരില്‍ വേണ്ടെന്നാണ് ധാരണ. ഇന്ന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് സ്വാതന്ത്രരുടെ പേരാണ് അവസാന പട്ടികയായി നിലമ്പൂര്‍ മണ്ഡലത്തിന്റെ ചുമതലയുള്ള എ വിജയരാഘവനും എം സ്വരാജും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കുകയെന്നാണ് വിവരം. നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല സ്ഥാനാര്‍ഥി മത്സരിക്കുക. പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം 12 മണിക്ക് ചേരുന്ന സിപിഐഎം നിലമ്പൂര്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.

സിപിഐഎം നേരത്തെയും മണ്ഡലത്തില്‍ സ്വാതന്ത്രന്മാരെ മത്സരിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ മത്സരിച്ചത് മുന്‍ സ്പീക്കര്‍ ആയിരുന്ന ശ്രീരാമകൃഷ്ണനായിരുന്നു. എന്നാല്‍ ആര്യാടന്‍ മുഹമ്മദായിരുന്നു മണ്ഡലത്തില്‍ വിജയിച്ചിരുന്നത്.