National

പഞ്ചാബിൽ നിന്നുള്ള അഗ്നിവീർ സൈനികൻ വീരമൃത്യു വരിച്ചു; മകന് ഗാർഡ് ഓഫ് ഓണർ നൽകാൻ ഒരു സൈനിക സംഘം പോലും എത്തിയില്ലെന്ന് പിതാവ്

Spread the love

പഞ്ചാബിലെ മാൻസയിൽ നിന്നുള്ള അഗ്നിവീർ സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ റൈഫിൾസിന്റെ പൂഞ്ച് സെക്ടറിൽ സേവനമനുഷ്ഠിച്ചിരുന്ന അമൃത്പാൽ സിംഗ് (21) ആണ് ഒക്‌ടോബർ 10ന് മരിച്ചത്. ഇദ്ദേഹം അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്. ട്രൈയിനിം​ഗിന് ശേഷം കഴിഞ്ഞ മാസമായിരുന്നു അമൃത്പാൽ സിംഗ് ഡ്യൂട്ടി ആരംഭിച്ചത്.

ഒരു സൈനിക ഹവിൽദാറും രണ്ട് ജവാൻമാരും ചേർന്നാണ് തന്റെ മകന്റെ മൃതദേഹം പഞ്ചാബിലേക്ക് എത്തിച്ചതെന്നും ഗാർഡ് ഓഫ് ഓണർ നൽകാൻ ഒരു സൈനിക സംഘം പോലും ഉണ്ടായിരുന്നില്ലെന്നും അമൃത്പാൽ സിംഗിന്റെ പിതാവ് ഗുർദീപ് സിം​ഗ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണത്തിൽ പറയുന്നു.

അഗ്നിവീർ പദ്ധതിപ്രകാരം പഞ്ചാബിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു സൈനികൻ വീരമൃത്യു വരിക്കുന്നത് ഇതാദ്യമായാണ്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു അമൃത്പാൽ സിംഗിനെ കണ്ടെത്തിയത്. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറോട് കൂടി അമൃതപാലിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ഗ്രാമമായ കോട്ലി കലനിൽ സംസ്‌കരിച്ചു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ മകനുമായി സംസാരിച്ചിരുന്നുവെന്നും അവൻ രാജ്യത്തെ സേവിക്കുന്നതിൽ സന്തോഷവാനായിരുന്നുവെന്നും പിതാവ് ഗുർദീപ് സിം​​ഗ് പറയുന്നു. ‘എന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒക്‌ടോബർ 24 മുതൽ ലീവ് എടുത്തിട്ടുണ്ടെന്ന് അവൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ജബൽപൂരിലെ ജമ്മു കശ്മീർ റൈഫിൾസ് പരിശീലന കേന്ദ്രത്തിൽ ട്രയിനിം​ഗ് പൂർത്തിയാക്കിയ ശേഷമായിരുന്നു അവൻ സെപ്തംബർ 20ന് പൂഞ്ചിലേക്ക് പോയത്. മകന്റെ മൃതദേഹത്തിൽ ചെവിക്ക് മുകളിലായി വെടിയേറ്റ പാടുണ്ടായിരുന്നു’.- മകന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുർദീപ് സിംഗ് പറഞ്ഞു.