KeralaTop News

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി കൈകാര്യം ചെയ്യണം; ഞങ്ങള്‍ പ്രത്യേകമായുള്ള മധ്യസ്ഥതയൊന്നുമില്ല’; കുഞ്ഞാലിക്കുട്ടി

Spread the love

പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി വരുമെന്നും അന്‍വര്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയതായാണ് വിവരം. അതേസമയം, അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു

അന്‍വറുമായി നിലവിലെ വിഷയങ്ങള്‍ സംസാരിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ പക്ഷം പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി വൈകുന്നേരം നിലമ്പൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്, വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന് മുന്നില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങളൊക്കെ എല്ലാവരും കൂടി കൈകാര്യം ചെയ്യണം. അല്ലാതെ ഞങ്ങള്‍ പ്രത്യേകമായിട്ടുള്ള മധ്യസ്ഥതയൊന്നുമില്ല. മുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും സംസാരിക്കുന്നതുപോലെ ലീഗിനോടും അന്‍വര്‍ സംസാരിക്കുന്നു എന്നേയുള്ളൂ – അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുടേതായ രീതിയില്‍ കാര്യങ്ങളില്‍ ഇടപെടും. പരമ്പരാഗതമായി ചില രീതികള്‍ ഉണ്ട്. ആ നിലയില്‍ യുഡിഎഫിന്റെ പ്രശ്‌നം വന്നാല്‍ ഇടപെടുമല്ലോ? – അദ്ദേഹം പറഞ്ഞു.

അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അന്‍വര്‍ ചര്‍ച്ച നടത്തിയത് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ നിലമ്പൂരില്‍ ഇല്ല, അത് അന്‍വറിന്റെ കാര്യത്തില്‍ ആയാലുമെന്നും അദ്ദേഹം പറഞ്ഞു.