Kerala

കേരളത്തിന്റെ വളർച്ചയിലാണ് സർക്കാരിന് താല്പര്യം, വിഴിഞ്ഞം ലക്ഷ്യ പ്രാപ്തിയുടെ വിജയം; ഇ.പി ജയരാജൻ

Spread the love

എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ. കേരളത്തിന്റെ വളരെ കാലത്തെ ആഗ്രഹമാണ്. നാളെ വിഴിഞ്ഞം പദ്ധതി കേരളത്തിന്‌ സമർപ്പിക്കുമ്പോൾ ആരും മാറി നിൽക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഇന്നും നാളെയുമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജാഥകളും,പൊതുസമ്മേളനങ്ങളും നടത്തും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് എന്ന ആവശ്യം പേരിടുന്ന ഘട്ടത്തിൽ ആലോചിക്കേണ്ടതാണെന്നും
ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പദ്ധതി ആരംഭിച്ചിട്ടു വർഷങ്ങളായി.
ഇടതു സർക്കാർ പദ്ധതിയുടെ വേഗത കൂട്ടിയെന്നും കേരളത്തിന്റെ വളർച്ചയിലാണ് സർക്കാരിന് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനകീയ സദസ് പരിപാടിക്ക് എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ പരിപാടിയാണെന്നും ആരും രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ പൊതു പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമെന്നും വിവാദങ്ങൾക്ക് പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം വിഴിഞ്ഞം പദ്ധതിക്കു എതിരായിരുന്നില്ല. പ്രതിഷേധിച്ചിട്ടുണ്ടെങ്കിൽ അത് മത്സ്യതൊഴിലാളികളുടെ സംരക്ഷണത്തിനാണ്. ഒരിക്കലും ഇടതുപക്ഷം ഒരു വികസന പദ്ധതിക്കും എതിരായിരുന്നില്ല.അന്ന് പ്രതിഷേധിച്ചതിന്റെ ഗുണം മത്സ്യ തൊഴിലാളികൾക്ക് ഉണ്ടായി.
അനാവശ്യ പ്രസ്താവനകൾ നടത്തി പദ്ധതിയുടെ തിളക്കം കെടുത്തരുത്. രമേശ് ചെന്നിത്തലയുടെ
പ്രസ്താവനയിൽ ദുർലക്ഷണമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.