GulfTop News

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും; തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

Spread the love

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടും ന്യായവും വിശദീകരിക്കാനായി സര്‍വകക്ഷി പ്രതിനിധി സംഘം ഇന്ന് ഖത്തറില്‍ എത്തും.എന്‍.സി.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങളിലെ പര്യടനത്തിനായി ശനിയാഴ്ച പുറപ്പെടുന്നത്.

മുന്‍ വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി. മുരളീധരന്‍, പാര്‍ലമെന്റ് അംഗങ്ങളായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോണ്‍ഗ്രസ്), അനുരാഗ് സിങ് ഠാകുര്‍ (ബി.ജെ.പി), ലവ്‌റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുന്‍ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), യു.എന്നിലെ മുന്‍ സ്ഥിരം പ്രതിനിധിയും മുന്‍ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത സമയങ്ങളിലായിരിക്കും സംഘാംഗങ്ങള്‍ ഖത്തറില്‍ എത്തുക.

ഖത്തറിലെ വിവിധ മന്ത്രാലയങ്ങള്‍, പ്രതിനിധികള്‍ എന്നിവരെ സന്ദര്‍ശിക്കുന്ന സര്‍വകക്ഷിസംഘം കൂടിക്കാഴ്ചകള്‍ നടത്തുകയും, പഹല്‍ഗാം ഭീകരാക്രമണവും,തുടര്‍ന്നുള്ള ഇന്ത്യയുടെ സൈനിക നടപടികളും സാഹചര്യങ്ങളും വിശദീകരിക്കുകായും ചെയ്യും. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കുകയാണ് പ്രത്യേക സര്‍വകക്ഷി സംഘത്തിന്റെ ദൗത്യം.

തിങ്കളാഴ്ച സംഘം ഖത്തറിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനു ശേഷം സംഘം ഈജിപ്ത്, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്ക് പുറപ്പെടും.