ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യും
തിരുവനന്തപുരത്തെ ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരതയിൽ കൂടുതൽ നടപടി. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യും. സംഭവത്തിൽ എസ്ഐക്ക് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചെന്ന്, അസിസ്റ്റന്‍റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തൽ. പേരൂർക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. . ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.
തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.