കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവം; കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ്
കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ് എടുത്തു. പരാതിക്കാരായ വനം വകുപ്പ് ജീവനക്കാരുടെ മൊഴി എടുക്കുന്നു. ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നു. ജോലി തടസപ്പെടുത്തിയെന്നാണ് പരാതി നൽകിയിരുന്നത്.
മൂന്ന് പരാതികളായിരുന്നു നൽകിയിരുന്നത്. അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും അടക്കമാണ് പരാതി നൽകിയിരുന്നത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാനയെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്.