‘തുർക്കിയിലേക്ക് ഞങ്ങളില്ല!’ തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ; മേക്ക് മൈ ട്രിപ്പിൽ യാത്ര റദ്ദാക്കലുകളിൽ 250% വർധന
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെ പരസ്യമായി പിന്തുണച്ചതിനെത്തുടർന്ന് തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ. സമീപകാല സായുധ സംഘട്ടനത്തിനിടെ പാകിസ്താനെ പിന്തുണച്ചതിനെത്തുടർന്ന് തുർക്കിയിലെയും അസർബൈജാനിലെയും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ റദ്ദാക്കുകയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മേക്ക് മൈ ട്രിപ്പിൽ ഈ രാജ്യങ്ങളിലേക്കുളള യാത്ര റദ്ദാക്കലുകൾ 250% വർദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യൻ വിനോദസഞ്ചാരികളാണ് വൻതോതിൽ യാത്രകൾ റദ്ദാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ്പ്, കഴിഞ്ഞ ആഴ്ചയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകളിൽ 60% കുറവും റദ്ദാക്കലുകളിൽ 250% വർദ്ധനവും റിപ്പോർട്ട് ചെയ്തു.
2024 ൽ 243,000 ൽ അധികം ഇന്ത്യക്കാർ അസർബൈജാൻ സന്ദർശിച്ചു, 2014 ൽ ഇത് വെറും 4,800 ആയിരുന്നു. തുർക്കിയിൽ ഈ വർഷം 330,000 ൽ അധികം ഇന്ത്യക്കാർ എത്തി. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യയുടെ വ്യോമാക്രമണത്തെ തുർക്കിയും അസർബൈജാനും അപലപിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ ബഹിഷ്കരണം ശക്തമായത്.
ഇരു രാജ്യങ്ങൾക്കും പകരം ഗ്രീസ്, അര്‍മീനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പോകുന്നത്.തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ട്രാവൽ ബുക്കിംഗ് സൈറ്റായ ഇക്സിഗോ ‘എക്സി’ൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.