‘അദാനിയുടെ പേരിൽ കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്ന മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണം’; തോമസ് ഐസക്
വിഴിഞ്ഞം പോർട്ടിന്റെ കമ്മീഷനിങ് വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരിഹാസമാണെന്ന വിമർശനവുമായി മുൻ ധനമന്ത്രിയും സി പി ഐ എം നേതാവുമായ ഡോ തോമസ് ഐസക്. മന്ത്രി വി എൻ വാസവൻ അദാനിയെ പാർട്ണർ എന്ന് വിളിച്ചത് കമ്യൂണിസ്റ്റുകളിൽ ഉണ്ടായ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെയാണ് തോമസ് ഐസക് വിമർശിച്ചിരിക്കുന്നത്.
അദാനിയെ പോലുള്ള അടുപ്പക്കാരായ കമ്പനികളെ ആഗോളതലത്തിൽ വളർത്തിയെടുക്കുന്നതാണ് വികസനമെന്നാണാണ് മോദി കരുതുന്നത്. ബിർളയെ കമ്യൂണിസ്റ്റുപാർട്ടി അതിശക്തമായി എതിർത്തിരുന്ന കാലത്ത് കേരളത്തിൽ 1957 ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ വ്യവസായം തുടങ്ങാനായി മാവൂരിലേക്ക് ക്ഷണിക്കുന്നതിൽ മടികാണിച്ചിരുന്നില്ലെന്നും മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്നുമാണ് തോമസ് ഐസക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതായുള്ള മോദിയുടെ പ്രസംഗത്തിലെ പരാമർശത്തിൽ സി പി ഐ എം നേതാക്കളോ, മന്ത്രിമാരോ പ്രതികരിക്കാതെ മൗനം തുടരുന്നതിനിടയിലാണ് തോമസ് ഐസകിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും പിന്നീട് അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരായ വി എസിന്റെ കാലത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണെന്നും. 2015-ൽ യുഡിഎഫ് സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമർശനം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതൽമുടക്കിന്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിന്റെ നക്കാപ്പിച്ച കിട്ടൂവെന്നതുകൊണ്ടായിരുന്നുവെന്നും 40 വർഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയേണ്ടി അവസ്ഥയുണ്ടാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും ഐസക് തന്റെ കുറിപ്പിൽ പറയുന്നു.