KeralaTop News

ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

Spread the love

നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് നൽകിയ ജേഴ്‌സി നൽകി അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയൺൽ മെസി. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ മെസി ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.’പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ജഴ്സിയിൽ ഒപ്പിട്ടത്.

ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും’ എന്ന് വീഡിയോ പങ്കുവച്ച് മോഹൻലാൽ കുറിച്ചു. സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിന് മെസിയുടെ ഓട്ടോഗ്രാഫ് ജേഴ്‌സി കൈമാറിയത്.

മോഹൻലാൽ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മെസി ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകുന്നതും, ജഴ്സി സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കുന്നതും മോഹൻലാൽ പങ്കുവച്ച വീഡിയോയിൽ കാണാം.

“ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. അത്തരം നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.

മെസിയുടെ കളിക്കളത്തിലെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീവരില്ലാതെ അവിശ്വസനീയ ഈ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി,” മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.